ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിനെ ചോദ്യം ചെയ്ത് ബി.ആർ.എസ് നേതാവ് കെ. കവിത നൽകിയ ഹർജി സുപ്രീം കോടതി മാർച്ച് 22 ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , എംഎം സുന്ദ്രേഷ് ,ബേലഎം ത്രിവേദി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡൽഹി എക്‌സൈസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിന് ചോദ്യം ചെയ്ത് കെ കവിത കോടതിയെ സമീപിച്ചത്.
മാർച്ച് 15 നാണ് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു അറസ്റ്റ്. ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ തുടരുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം കവിത ഇഡി സമൻസിനെതിരായ ഹർജി പിൻവലിച്ചിരുന്നു. അറസ്റ്റിലായ സാഹചര്യത്തിലാണ് കെ. കവിത ഹർജി പിൻവലിച്ചത്. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചിരുന്നത്.
മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കേസിൽ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
Discussion about this post