ചെന്നൈ: തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ബിജെപിയിൽ ചേർന്നു. അണ്ണാമലൈയുടെ നേതൃത്വത്തിൽ ആയിരുന്നു തമിഴിസൈ സൗന്ദരരാജന്റെ ബിജെപിയിലേക്കുള്ള പ്രവേശനം. ഇന്നലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്നതായി തമിഴിസൈ സൗന്ദരരാജൻ രാജിക്കത്ത് സമർപ്പിച്ചത്.
ബിജെപിയിലൂടെ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഗവർണറായിരുന്നപ്പോൾ എനിക്ക് ചുറ്റും എല്ലാമുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടതിൽ ഒരു ശതമാനം പോലും ഞാൻ വിഷമിക്കുന്നില്ല. തെലങ്കാനയുടെ ഗവർണറായിരുന്നപ്പോൾ നിരവധി വെല്ലുവിളികൾ ഞാൻ നേരിട്ടു. തമിഴ്‌നാട്ടിൽ താമര വിരിയുമെന്ന് ഉറപ്പാണ് എന്നും അവർ കൂട്ടിച്ചേർത്തു.
2019 സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2021 ൽ ഫെബ്രുവരിയിൽ കിരൺ ബേദിയെ നീക്കിയതിന് പിന്നാലെയാണ് പുതുച്ചേരി ലഫ്. ഗവർണറുടെ അധിക ചുമതലയും നൽകിയിരുന്നു. തമിഴിസൈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
Discussion about this post