ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി നടപടികൾക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശാരീരികാസ്വാസ്ഥ്യം. രക്തം സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ കോടതി മുറിയ്ക്ക് പുറത്തേക്ക് കൊണ്ടുവന്നു. നിലവിൽ അദ്ദേഹം റെസ്റ്റ് റൂമിൽ വിശ്രമത്തിനാണ്. അദ്ദേഹത്തിന് ഇഡി വൈദ്യസഹായവും നൽകുന്നുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കെജ്രിവാളിനെ ഉച്ചയ്ക്കാണ് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. അദ്ദേഹത്തെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇതിനെ എതിർത്തുള്ള കെജ്രിവാളിന്റെ അഭിഭാഷകന്റെ വാദത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കുറഞ്ഞത്. ഉടനെ അദ്ദേഹവുമായി ഉദ്യോഗസ്ഥർ കോടതി മുറിയ്ക്ക് പുറത്തേക്ക് കടക്കുകയായിരുന്നു.
നിലവിൽ വാദം പുരോഗമിക്കുകയാണ്. കോടതിയിൽ കെജ്രിവാൾ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. ഇതും കോടതിയുടെ പരിഗണനയിൽ ഉണ്ട്. ഈ സാഹചര്യത്തിൽ എന്ത് നടപടിയാണ് കോടതി സ്വീകരിക്കുക എന്നത് ഏറെ ആകാംക്ഷയോടെയാണ് ആംആദ്മി പ്രവർത്തകർ കാത്തിരിക്കുന്നത്.
മദ്യ നയ അഴിമതിയുടെ മുഖ്യ ആസൂത്രകൻ അരവിന്ദ് കെജ്രിവാളാണെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരാനുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞത് 10 ദിവസത്തെ കസ്റ്റഡി എങ്കിലും അനുവദിക്കണം എന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post