മൂന്നു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ് അല്ലു അർജുൻ ചിത്രം പുഷ്പ2. ആഗസ്റ്റ് 15നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നതിനിടെ അണിയറപ്രവർത്തകർക്ക് തലവേദനയായി ഷൂട്ടിംഗ് ദൃശ്യങ്ങൾ ചോർന്നിരുന്നു. പിന്നാലെ നടി രശ്മികയുടെ ചിത്രങ്ങളും ചോർന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. ചുവന്ന സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് താരം പോകുന്ന ചിത്രങ്ങളാണ് ‘ശ്രീവല്ലി’യുടേത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാൽ ചിത്രം ചോർന്ന സംഭവത്തിൽ അല്ലു അർജുൻ തികച്ചും അസ്വസ്ഥനാണെന്നാണ് പുറത്തു വരുന്ന വിവരം. സെറ്റിലെ സുരക്ഷ സംബന്ധിച്ച് അല്ലു അർജുന് അതൃപ്തിയുണ്ടെന്നാണ് വിവരം.സിനിമയുടെ സെറ്റിൽ വേണ്ടത്ര സുരക്ഷയില്ലാത്തതിന് അല്ലു അർജുൻ നിർമ്മാതാക്കളെ ശാസിച്ചതായി പ്രൊഡക്ഷൻ യൂണിറ്റുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ടീമിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. മുൻപ് ചിത്രത്തിൻറെ ചില ഷൂട്ടിംഗ് ദൃശ്യങ്ങൾ ചോർന്നിരുന്നു. അതും അല്ലു അർജുനെ അസ്വസ്ഥനാക്കിയെങ്കിലും ഇത്ര രൂക്ഷമായ പ്രതികരണം നടത്തിയിരുന്നില്ല.
അല്ലു അർജുനെയും രശ്മികയെയും കൂടാതെ ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ എന്നിവരാണ് പുഷ്പ 2ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം പുഷ്പ 3 സംബന്ധിച്ച് അല്ലുവിൻറെ ചില സൂചനകൾ ആരാധകർക്കിടയിൽ വാർത്തയായിരുന്നു.
Discussion about this post