പുതുവർഷ൦ പിറന്ന് രണ്ട് മാസം കൊണ്ട് തന്നെ മെഗാ സ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. അതും നായക സങ്കല്‍പ്പത്തില്‍ നിന്ന് അടിമുടി മാറിയുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി രണ്ട് മാസങ്ങളില്‍ പുറത്തിങ്ങിയത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന ക്രൂര വില്ലനായുള്ള മമ്മൂട്ടിയുടെ പകർന്നാട്ട൦ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിൽ നിന്നും മാറി വ്യത്യസ്ത വേഷത്തിലെത്താൻ തയ്യാറെടുക്കുകയാണ് നടൻ.
മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആണ് ചിത്രം. ആക്ഷൻ- കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടർബോയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ‘പർസ്യുട്ട് ക്യാമറ’ ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻസ്‌ഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്.
മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മെയ് 9നാണ് ടർബോ റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റിൽ എത്തുന്ന ചിത്ര൦ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
Discussion about this post