ന്യൂഡൽഹി: വാക്ക് പാലിച്ച് കൈയടി നേടുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന വാഹന നിർമാതാക്കളുടെ ഉടമയായ ആനന്ദ് മഹീന്ദ്ര. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫ്രാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാർ വാഹനം സമ്മാനിക്കുമെന്ന പറഞ്ഞ വാക്കാണ് വണ്ടിക്കമ്പനി മുതലാളി പാലിച്ചിരിക്കുന്നത്.
കരിയറിലെ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫ്രാസിനെ പരിശീലിപ്പിച്ച് ഉന്നതങ്ങളിൽ എത്തിച്ചത് നൗഷാദിന്റെ ത്യാഗമാണ്. ആ ത്യാഗത്തിനാണ് ആനന്ദ് മഹീന്ദ്രയുടെ ഈ സ്‌നേഹ സമ്മാനം. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ അർധ സെഞ്ചുറി നേടി തിളങ്ങിയ വേളയിലാണ് മകനെ രാജ്യത്തിന് കളിക്കാൻ പ്രാപ്തനാക്കിയ പിതാവിന് മഹീന്ദ്ര ഥാർ വാഹനം സമ്മാനിക്കുമെന്ന് വാഗ്ദാനം നൽകിയത്. ആനന്ദ് മഹീന്ദ്ര എക്‌സിലൂെയാണ് പ്രഖ്യാപിച്ചത്. ഈ വാർത്ത സോഷ്യൽ മീഡിയ വൻ ആഘോഷമാക്കിയിരുന്നു.
പ്രഖ്യാപനം വന്ന് ഒരു മാസത്തിന് ശേഷമാണ് ആനന്ദ് നൗഷാദിന് ഥാർ സമ്മാനിച്ചിരിക്കുന്നത്. സർഫ്രാസ് ഖാനും പിതാവും കൂടി ഥാർ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിലാണ് സർഫറാസ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ഇന്നിംഗ്സിൽ അർധ സെഞ്ച്വറി നേടിയ താരം 62 റൺസ് നേടി ടീമിന്റെ നട്ടല്ലായി മാറി. റാഞ്ചി ടെസ്റ്റിലും പൊരുതിയാണ് യുവതാരം മടങ്ങിയത്.
Discussion about this post