മലപ്പുറം: കളികാവിൽ രണ്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ജുവെൈനൽ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ഫയസിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
കുഞ്ഞ് മരിച്ചത് ക്രൂരമായ മർദനമേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിട്ടുണ്ട്. ബോധം പോയ കുഞ്ഞിനെ താഴേക്ക് എറിഞ്ഞും പരിക്കേൽപ്പിച്ചു. പഴയതും പുതിയതുമായ നിരവധി മുറിവുകൾ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മർദനത്തിൽ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിലുണ്ടായ അമിതമായ രക്തശ്രാവമാണ് മരണത്തിന്റെ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ചതിന് ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞായിരുന്നു മുഹമ്മദ് ഫായിസ് കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ മാതാവും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആശുപത്രിയിലെത്തും മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചത്.
Discussion about this post