ഇസ്ലാമാബാദ്: പാകിസ്താന്റെ നാവിക വ്യോമ സേന ആസ്ഥാനത്ത് വീണ്ടും ആക്രമണം നടത്തി ഭീകരർ. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിലെ പിഎൻഎസ് സിദ്ദിഖിയിലാണ് ഭീകരാക്രമണം ഉണ്ടായത്. പാകിസ്താന്റെ ഏറ്റവും വലിയ രണ്ടാമത്തെ നാവിക വ്യോമ സേന ആസ്ഥാനമാണ് ഇത്.
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ആസ്ഥാനത്ത് ഭീകരർ തുടർച്ചയായി ചെറുതും വലുതുമായ സ്‌ഫോടനങ്ങൾ നടത്തുകയായിരുന്നു. രാത്രി 10 മണിയ്ക്ക് ആരംഭിച്ച സ്‌ഫോടനം മണിക്കൂറുകളോളം തുടർന്നു. വൻ നാശനഷ്ടമായിരുന്നു ആസ്ഥാനത്ത് ഉണ്ടായത്. ആസ്ഥാനത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിന്നുമായിരുന്നു ആക്രമണം . അതിനാൽ ഭീകരരെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ ആറ് ഭീകരരെ വധിച്ചതായും സുരക്ഷാ സേന അവകാശപ്പെടുന്നുണ്ട്.
നിരോധിത ഭീകര സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ആക്രമണം നടത്തിയത്.സംഭവത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടന രംഗത്ത് എത്തി. ഭീകര സംഘടനാ തലവൻ മജീദ് ബ്രിഗേഡ് പ്രസ്താവനയിലൂടെയാണ് ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കിയത്. സംഭവത്തിൽ പാകിസ്താൻ അന്വേഷണം ആരംഭച്ചിട്ടുണ്ട്.
നാല് മാസത്തിനിടെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തുന്ന മൂന്നാമത്തെ ഭീകരാക്രമണം ആണ് ഇത്. ജനുവരിയിൽ മാച്ച് സിറ്റിയിൽ ഭീകരർ സ്‌ഫോടനം നടത്തിയിരുന്നു. മാർച്ച് 20 ന് ഗ്വദാർ തുറമുഖവും ഇവർ ആക്രമിച്ചിരുന്നു. അന്ന് നടത്തിയ ഭീകരാക്രമണത്തിൽ പാക് പട്ടാളക്കാർ ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post