ന്യൂയോർക്ക്: കപ്പൽ ഇടിച്ചതിനെ തുടർന്ന് അമേരിക്കയിൽ പാലം തകർന്നു വീണു. ബാൾട്ടിമോറിലെ പ്രശസ്ത പാലമായ ഫ്രാൻസിസ് സ്‌കോട്ട് കീ പാലമാണ് തകർന്ന് വീണത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
രാത്രിയോടെയായിരുന്നു സംഭവം. പടാപ്‌സ്‌കോ നദിയ്ക്ക് കുറുകെയാണ് പാലം. രാത്രി ഇതുവഴി പോയ ഭീമൻ കപ്പൽ പാലത്തിൽ ഇടിച്ചിരുന്നു. ഇതിന് പിന്നാലെ പാലത്തിൽ തീ പടരുകയായിരുന്നു. ഇതേ തുടർന്നാണ് പാലം തകർന്നത്. സംഭവ സമയം നിരവധി വാഹനങ്ങൾ പാലത്തിൽ ഉണ്ടായിരുന്നു. വാഹനവും ഇതിനുള്ളിലുള്ളവരും നദിയിൽ വീണു. സംഭവം അറിഞ്ഞെത്തിയ രക്ഷാ സേനയാണ് ഇവരെ സുരക്ഷിതരായി കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇവരിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.ഡാലി എന്ന സിംഗപ്പൂർ കപ്പലാണ് പാലത്തിൽ ഇടിച്ചത് എന്നാണ് ചില മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കപ്പലിൽ നിന്നുള്ള ചരക്കുകളിൽ ചിലത് പാലത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്.
Discussion about this post