കാസർകോട്: നീലേശ്വരം പാലായിയിൽ വയോധികയെയും കുടുംബത്തെയും ഊര് വിലക്കിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് നീലേശ്വരം പോലീസിന്റെ നടപടി.
സംഭവത്തിൽ മൂന്ന് പരാതികൾ ആണ് പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ. സ്ഥലം ഉടമ രാധയുടെ കൊച്ചുമകൾ, തെങ്ങ് കയറാൻ വന്ന തൊഴിലാളി, അയൽവാസി എന്നിവരാണ് പരാതി നൽകിയത്. കൊച്ചുമകളുടെ പരാതിയിൽ പാലായി ബ്രാഞ്ച് അംഗം പി.വി ഉദയൻ, സെൻട്രൽ ബ്രാഞ്ച് അംഗം പത്മനാഭൻ എന്നിവർക്കെതിരെയാണ് കേസ്. തെങ്ങുകയറുന്നതിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാട്ടിയാണ് തെങ്ങു കയറാൻ വന്ന ഷാജിയുടെ പരാതി. ഇതിൽ സിപിഎം നേതാക്കളായ കുഞ്ഞമ്പു, ഉദയകുമാർ കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അയൽവാസിയായ യുവതിയുടെ പരാതിയിൽ തെങ്ങുകയറാൻ വന്ന ഷാജിയ്‌ക്കെതിരെയാണ് കേസ്.
ഭീഷണിപ്പെടുത്തൽ, കയ്യേറ്റം എന്നീ കുറ്റങ്ങളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പിന്നാലെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ആവശ്യമെങ്കിൽ പ്രദേശത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പറമ്പിൽ തേങ്ങയിടുന്നതിനിടെ സിപിഎം നേതാക്കൾ എത്തി രാധയുമായി പ്രശ്‌നത്തിലേർപ്പെട്ടത്. അപ്രോച്ച് റോഡിൻറെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് എട്ട് വർഷത്തോളമായി സിപിഎമ്മിൻറെ ഊരുവിലക്കാണ് കുടുംബം നേരിടുന്നത്. ഇതിനിടെയാണ് സ്വന്തം പറമ്പിൽ തേങ്ങയിടുന്നതിന് വിലക്കുമായി സിപിഎം നേതാക്കൾ രംഗത്ത് എത്തിയത്. പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ എന്ന് ആക്രോശിച്ച സിപിഎമ്മുകാർ രാധയെയും കൊച്ചുമകളെയുമെല്ലാം കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു.












