തൃശൂർ: തൃശൂരിൽ നാല് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി, കെജി അരവിന്ദാക്ഷൻ, വിഎ രവീന്ദ്രൻ, സിഎ സജീവ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേക്കർ നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
തിരുവനന്തപുരത്തും ഇന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നിരുന്നു. നെയ്യാറ്റിൻകര കാർഷിക ബാങ്ക് ഡയറക്ടർ ചന്ദ്രൻ ഉൾപ്പെടെ 48 പേരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് പ്രവർത്തകരെ സ്വീകരിച്ചു.
വരും ദിവസങ്ങളിലും കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും ഉള്ളവർ ബിജെപിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചു. അസംതൃപ്തരായ നിരവധി പേരാണ് കോൺഗ്രസിൽ ഉള്ളത്. അതുകൊണ്ട് ഇവർക്കൊന്നും കോൺഗ്രസിൽ തുടരാൻ താത്പര്യമില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി.












