കൊല്ലം: സിഎഎയ്‌ക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗ ശേഷം ആളുകൾ ഒഴിഞ്ഞു പോയതിൽ അതൃപ്തി അറിയിച്ച് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ തന്നെയായിരുന്നു അദ്ദേഹം അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം മതിയാക്കി അദ്ദേഹം വേദി വിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു സംഭവം. നോമ്പ് തുറന്ന് നിസ്‌കാരവും കഴിഞ്ഞ് ഏഴേകാലോടെയായിരുന്നു അബ്ദുൾ അസീസ് എത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും എത്തി. പരിപാടിയിൽ ആദ്യം സംസാരിച്ചത് ഗണേഷ് കുമാർ ആയിരുന്നു. പിന്നാലെ ചിഞ്ചു റാണിയും സംസാരിച്ചു. ഇതിന് ശേഷം ഇടത് സ്ഥാനാർത്ഥി എം.മുകേഷ് ഭരണഘടന വായിച്ചു. ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം ആയിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം പ്രസംഗം നീണ്ടു. 7.40 ഓടെ ആരംഭിച്ച മുഖ്യമന്ത്രി 9 മണിയോടെയായിരുന്നു അവസാനിച്ചത്. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതോടെ സദസ്സിൽ ഉണ്ടായിരുന്നവർ വേദി വിട്ടു. മന്ത്രി കെഎൻ ബാലഗോപാൽ ആളുകളോട് സദസ്സിൽ തുടരാൻ ആവശ്യപ്പെട്ടെങ്കിലും വേദി നിമിഷങ്ങൾ കൊണ്ട് തന്നെ കാലിയായി.
ഇതിനിടെ അബ്ദുൾ അസീസ് മൗലവി സംസാരിക്കാൻ ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. ഇതുകൂടി ആയപ്പോഴാണ് അബ്ദുൾ അസീസ് മൗലവി അതൃപ്തി വേദിയിൽ തന്നെ പ്രകടിപ്പിച്ചത്.













Discussion about this post