ലക്‌നൗ: ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മുക്താർ അൻസാരി മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസം മുൻപ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവിൽ റംസാന്റെ ഭാഗമായുള്ള നോമ്പ് അനുഷ്ഠിച്ച് വരികയാണ് അൻസാരി. ഇന്നലെ നോമ്പ് കഴിഞ്ഞ് ഭക്ഷണം കഴിച്ചതിന് പിന്നാലെ അൻസാരിയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഡോക്ടർമാർ എത്തി പ്രാഥമിക ചികിത്സ നൽകി. ഇതിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇവിടെയെത്തി അൽ്പ്പനേരങ്ങൾക്കുള്ളിൽ തന്നെ അൻസാരി മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.റാണി ദുർഗാവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അൻസാരി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ആഴ്ച മുക്താർ അൻസാരിയ്ക്ക് യൂറിനറി ഇൻഫെക്ഷൻ ബാധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജയിലിൽ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഹൃദയാഘാതം.
സമാജ്‌വാദി പാർട്ടിയുടെ നേതാവാണ് അൻസാരി. ഭൂമികയ്യേറ്റം, കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. യോഗി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. വിവിധ കേസുകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അൻസാരി ജയിൽ വാസം അനുഭവിച്ചുവരികയാണ്.
Discussion about this post