തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റ ഡോ. കെഎസ് അനിൽ. സിദ്ധാർത്ഥിന്റെ നെടുമങ്ങാടുള്ള വീട്ടിലെത്തിയാണ് വിസി മാതാപിതാക്കളെ കണ്ടത്. സിദ്ധാർത്ഥിന്റെ മരണത്തിൽ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിസി മാതാപിതാക്കൾക്ക് ഉറപ്പു നൽകി.
സിദ്ധാർത്ഥിന്റെ അമ്മയ്ക്കും അച്ഛനും പറയാനുള്ളതെല്ലാം കേട്ടു. അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ല. കമ്മീഷന് പ്രവർത്തിക്കാൻ ആവശ്യമായ ധനസഹായം നൽകും. റാഗിംഗ് പോലുള്ളവ പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കമ്മീഷന്റെ പരിധിയിലാണ് വരുന്നത്. വൈസ് ചാൻസിലർ ഓഫീസിലെ എല്ലാവരും പുതിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വിസിയോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചതായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. പുതിയ അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ട്. പുതിയ വിസിയിൽ പ്രതീക്ഷയുണ്ട്. നീതിപൂർവമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുൻപ് അത് അട്ടിമറിക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല. സാധിച്ചിരുന്നെങ്കിൽ അവർ അതും ചെയ്‌തേനെ. സിബിഐ കൊലപാതകത്തെ കുറിച്ച് മാത്രമേ അന്വേഷിക്കൂ. അന്വേഷണ കമ്മീഷനാകുമ്പോൾ അതിന് പുറമേയുള്ള കാര്യങ്ങളും അന്വേഷിക്കും. രണ്ട് അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം. മുൻപുണ്ടായിരുന്ന രണ്ട് വിസിമാരോടും ഇതുപോലെ തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് ഇരുവരും പോയത്. പിന്നീട് സസ്‌പെൻഡ് ചെയ്യപ്പെട്ട എല്ലാവരെയും അവർ തിരിച്ചെടുത്തു. ഇതിന് പിന്നിൽ പല താത്പര്യങ്ങളും ഉണ്ടായിരുന്നതായും ജയപ്രകാശ് പറഞ്ഞു.
Discussion about this post