ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി പ്രതിഷേധിക്കുമെന്ന് ഇൻഡി സഖ്യം. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഡൽഹിയിൽ മഹാറാലി നടത്തും. ഡൽഹിയിലെ രാംലീല മൈതാനിയിൽ ആയിരിക്കും ഇൻഡി സഖ്യം മഹാറാലി നടത്തുക.
മഹാറാലി നടത്താനുള്ള ഇൻഡി സഖ്യത്തിന്റെ ആവശ്യത്തിന് ഡൽഹി പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും അനുമതി നൽകിയതോടെയാണ് സഖ്യം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സഖ്യത്തിലെ വിവിധ പാർട്ടികളുടെ നേതാക്കൾ റാലിയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സിപിഐഎം നേതാവായ സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവർ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഇൻഡി സഖ്യം അറിയിച്ചു.
ഇ ഡി നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഉടൻ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കെജ്രിവാളിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം അംഗീകരിച്ച കോടതി ഏപ്രിൽ ഒന്നു വരെ അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകുകയും ചെയ്തു.
Discussion about this post