ആടുജീവിതം സിനിമയിൽ സബ്ടൈറ്റിൽ നൽകാത്തതിൽ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകൻ പൃഥ്വിരാജ്. നിരവധി പ്രേക്ഷകരാണ് ചിത്രത്തിൽ സബ്ടൈറ്റിൽ ഇല്ലാത്തതിനെതിരെ പരാതി ഉന്നയിച്ചിരുന്നത്. അറബിക് ഡയലോഗുകൾക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ സബ്ടൈറ്റിൽ ഇല്ലാത്തതിനാൽ ഒന്നും തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാണ് മലയാളി പ്രേക്ഷകർ പരാതി പറഞ്ഞിരുന്നത്.
ആടുജീവിതത്തിൽ സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശജനകമാണെന്ന് കാണിച്ച് ഒരു പ്രേക്ഷകൻ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിനു മറുപടി നൽകുകയായിരുന്നു പൃഥ്വിരാജ്. പ്രേക്ഷകരുടെ അസൗകര്യത്തിൽ അദ്ദേഹം ക്ഷമ ചോദിച്ചു. എത്രയും പെട്ടെന്ന് തന്നെ ഈ കാര്യം ശരിയാക്കുമെന്നും പൃഥ്വിരാജ് ഉറപ്പുനൽകി.
പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിന് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Discussion about this post