ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ പുലിവാല് പിടിച്ച് കോൺഗ്രസ്. പാർട്ടിയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം 1800 കോടി രൂപ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് പാർട്ടിയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും നോട്ടീസ് വന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് നേതൃത്വം.
രണ്ട് നോട്ടീസുകളാണ് ലഭിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നോട്ടീസിലെ പണം സംബന്ധിച്ച വിവരങ്ങൾ പാർട്ടി പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിലും പാർട്ടിയ്ക്ക് കൂടുതൽ നോട്ടീസ് ലഭിക്കും. വാർത്താ സമ്മേളനത്തിലായിരുന്നു ജയ്‌റാം രമേശ് പുതിയ നോട്ടീസുകൾ ലഭിച്ച വിവരം അറിയിച്ചത്.
1823 കോടി രൂപ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പാർട്ടിയ്ക്ക് ആദ്യ നോട്ടീസ് ലഭിച്ചത്. രണ്ട് വർഷം വെട്ടിച്ച നികുതി സംബന്ധിച്ചാണ് നടപടി. വെട്ടിച്ച നികുതിയും പലിശയും പിഴയും ചേർത്താണ് ഇത്രയും വലിയ തുക.
സംഭവത്തിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
Discussion about this post