തിരുവനന്തപുരം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ നർത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ചാലക്കുടി പോലീസിന് നൽകിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു.
ആർഎൽവി രാമകൃഷ്ണനെ പേരെടുത്ത് പരാമർശിക്കാതെയാണ് സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്. പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കാൻ കൊള്ളില്ലെന്നുമാണ് ഇവർ പറഞ്ഞത്.
തുടർന്ന് ആർഎൽവി രാമകൃഷ്ണനും സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ഇതോടെയാണ് വിഷയം ചർച്ചയായത്. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സത്യഭാമയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്.
Discussion about this post