ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം വരവിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന അഞ്ച് വർഷത്തേക്കുള്ള ഒരു റോഡ് മാപ്പ് ഞങ്ങൾ തയ്യാറാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ പത്ത് വർഷമായി വികസനത്തിന്റെ ട്രെയിലർ മാത്രമാണ് ജനങ്ങൾ കണ്ടത്. 2024 ലെ തിരഞ്ഞെടുപ്പ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ്. മൂന്നാമത്തെ വരവിലൂടെ ഇന്ത്യയെ മൂന്നാമത്തെ സാമ്പദ്‌വ്യവസ്ഥയായി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കും. ശാക്തീകരിക്കപ്പെട്ട ജനത ഇന്ത്യയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന കാഴ്ചയാണ് ഇനി നാം കാണാൻ പോകുന്നത്. ഇത് ഞാൻ നിങ്ങൾക്ക് തരുന്ന ഗ്യാരന്റിയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂട്ടിച്ചേർത്തു.
ദാരിദ്ര്യത്തിന്റെ ഇരുണ്ട നാളുകളോട് പോരാടിയാണ് താൻ ഇവിടെയെത്തിയത്. അതുകൊണ്ട് ഓരോ പാവപ്പെട്ടവന്റെയും ദുഃഖവും വേദനയും കഷ്ടപ്പാടും തനിക്ക് മനസിലാകും. ഇതിനാലാണ് പാവപ്പെട്ടവർക്ക് വേണ്ടി നിരവധി പദ്ധതികൾ താൻ നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
മോദിക്ക് തോൽവി ഭയം അനുഭവപ്പെട്ടു തുടങ്ങി എന്നാണ് ഇൻഡി സഖ്യം പറയുന്നത്. എന്നാൽ തനിക്ക് പേടിയില്ല. കാരണം ഇന്ത്യയിലെ ജനങ്ങൾ തന്റെ കുടുംബമാണ്. തന്റെ കുടുംബം കൈവിടില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post