കൊൽക്കത്ത; ഇടതുപക്ഷ പാർട്ടികളുമായി സംയുക്തമായി പ്രചാരണം നടത്താൻ കോൺഗ്രസ് പ്രവർത്തകർക്ക് താക്കീത് നൽകി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മുർഷിദാബാദ് മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന് വേണ്ടി താൻ പ്രചാരണം നടത്തുമെന്നും അധിർ രഞ്ജൻ വ്യക്തമാക്കി. ‘തീർച്ചയായും സലിമിന് വേണ്ടി പ്രചാരണം നടത്തും. ഞങ്ങൾ സംയുക്ത പ്രചാരണത്തിൽ പ്രതിജ്ഞാബദ്ധരാണ്. സാധ്യമാകുന്നിടത്തെല്ലാം ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് വേണ്ടി അവർ ചെയ്യുന്നത് പോലെ ഞങ്ങൾ പ്രചാരണം നടത്തു’മെന്നും അധിർ രഞ്ജൻ പ്രതികരിച്ചു.
ബിജെപിക്കും തൃണമൂലിനുമെതിരെ തങ്ങളുടെ സഖ്യകക്ഷികൾ മത്സരിക്കുന്നിടത്ത് പ്രചാരണം നടത്താത്തവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.ബിർഭൂമിൽ ഇടതുപക്ഷ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർത്ഥി മിൽട്ടൺ റഷീദിന് വേണ്ടി പ്രചാരണം നടത്താൻ വിസമ്മതിച്ച ഏഴ് പ്രാദേശിക നേതാക്കളെ ആറ് വർഷത്തേക്ക് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനവും ബിജെപിയുമായുള്ള മൗന സഹകരണവും ആരോപിച്ചാണ് നടപടി.
ഇടതുപക്ഷ പ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ നിന്നോ അഖിലേന്ത്യാ നേതൃത്വത്തിൽ നിന്നോ വ്യക്തമായ നിർദ്ദേശമില്ലെന്നാണ് കോൺഗ്രസിന്റെ വിവിധ ജില്ലാ ഘടകങ്ങളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post