തമിഴ്നാടിന് പിന്നാലെ പഞ്ചാബിലും സ്വന്തം നിലയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുകയാണ് ബിജെപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ ചുവടുവയ്പ്പാണ്. പഴയ സഖ്യകക്ഷിയായ അകാലിദളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ ബിജെപി തീരുമാനിച്ചത്.
2022ൽ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് ബിജെപി 6.6 ശതമാനം വോട്ട് നേടി നില മെച്ചപ്പെടുത്തിയിരുന്നു. ആം ആദ്മി പാർട്ടിയും കോൺഗ്രസും അകാലിദളും തമ്മിൽ കടുത്ത ത്രികോണ പോരാട്ടം നടന്നിട്ടും സ്വന്തം ശക്തി കേന്ദ്രങ്ങളിൽ പിടിച്ചു നിൽക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു.
2017ൽ അകാലിദളിനൊപ്പം സഖ്യമായി ജനവിധി തേടിയിട്ടും 5.4 ശതമാനം വോട്ടാണ് ബിജെപി സമാഹരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റുകളിലും മത്സരിക്കാൻ തയ്യാറെടുക്കുന്ന ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ അതൃപ്തിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിലെ പ്രശ്നങ്ങളും തങ്ങൾക്ക് അനുകൂലമായി ഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പഞ്ചാബിലെ രണ്ട് ജനകീയ നേതാക്കളെ സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ജയിച്ച ആം ആദ്മി പാർട്ടിയുടെ ഏക എംപിയായ സുശീൽ കുമാർ റിങ്കു അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ജലന്ധറിൽ നിന്നുള്ള സിറ്റിംഗ് എംപിയായ സുശീൽ കുമാർ ഇത്തവണ ബിജെപി ടിക്കറ്റിൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.
ജലന്ധർ എംഎൽഎയും എഎപി നേതാവുമായിരുന്ന ശീതൽ അംഗുറലും സുശീൽ കുമാർ റിങ്കുവിനൊപ്പം ബിജെപിയിൽ എത്തിയിരുന്നു. ജനകീയ നേതാക്കളായി അറിയപ്പെടുന്ന രണ്ട് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയത് പഞ്ചാബിലെ എഎപി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രവർത്തന ശൈലിയോട് വിയോജിപ്പുള്ള കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ ആം ആദ്മി പാർട്ടി വിടുമെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ പേരക്കുട്ടിയുമായ രവനീത് സിംഗ് ബിട്ടുവും കഴിഞ്ഞാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. പഞ്ചാബിലെ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള രവനീതിന്റെ പാർട്ടി പ്രവേശനം സിഖ് വിഭാഗക്കാർക്കിടയിൽ കൂടുതൽ സ്വാധീനം ആർജിക്കാൻ സഹായകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ലുധിയാനയിലെ സിറ്റിംഗ് എംപിയായ രവനീത് സിംഗ് ബിട്ടു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ ഇതേ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
പഞ്ചാബിലെ നഗരമണ്ഡലങ്ങളിലാണ് ബിജെപിക്ക് നിലവിൽ കൂടുതൽ സ്വാധീനം. ലുധിയാന, ജലന്ധർ, അമൃത്സർ, പട്യാല എന്നീ വലിയ നഗരങ്ങളിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. പഞ്ചാബിലെ ഭൂരിപക്ഷമായ സിഖ് മതസ്ഥർ കൂടുതൽ സ്വാധീനം ഗ്രാമീണ മേഖലകളിലാണ്. സിഖ് ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും പഞ്ചാബിലെ 39 ശതമാനത്തിനടുത്ത് ജനങ്ങൾ ഹിന്ദുക്കളാണ്. വികസനത്തിലൂന്നി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസ്വാധീനവും അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ഹിന്ദു ഭൂരിപക്ഷ നഗര മണ്ഡലങ്ങളിൽ ബിജെപിയെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കൂടുതൽ സിഖ് നേതാക്കൾ ബിജെപിയിലേക്ക് കടന്നു വരുന്നതും അനുകൂല ഘടകമാണ്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രണീത് കൗർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ മാസം ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പ്രണീത് കൗറാണ് പട്യാല ലോക്സഭാ മണ്ഡലത്തിലെ ഇത്തവണത്തെ ബിജെപി സ്ഥാനാർത്ഥി. പ്രശസ്ത സൂഫി ഗായകനും നോർത്ത് വെസ്റ്റ് ഡൽഹിയിലെ സിറ്റിംഗ് ബിജെപി എംപിയുമായ ഹൻസ് രാജ് ഹാൻസ് ഇക്കുറി പഞ്ചാബിലെ ഫരീദ്കോട്ടിൽ നിന്ന് അങ്കം കുറിക്കും. അമൃത്സറിൽ തരൺജിത് സന്ധുവും ഗുരുദാസ്പൂരിൽ ദിനേശ് സിംഗും ബിജെപിക്കായി മത്സരിക്കും. മികച്ച സ്ഥാനാർത്ഥികളെ ഇറക്കി എതിരാളികളെ സമ്മർദ്ദത്തിലാക്കുകയാണ് ബിജെപിയുടെ തന്ത്രം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അകാലിദളുമായി സഖ്യത്തിൽ മത്സരിച്ച ബിജെപി, പഞ്ചാബിൽ 2 സീറ്റുകൾ നേടിയിരുന്നു. ബോളിവുഡ് താരം സണ്ണി ഡിയോൾ ഗുരുദാസ്പൂരിൽ നിന്ന് ജയിച്ചപ്പോൾ, സോം പ്രകാശ് ഹോഷിയാർപൂരിൽ നിന്ന് ജയിച്ചു കയറി. 2019ൽ പത്ത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020ലാണ് അകാലിദൾ എൻഡിഎ വിട്ടത്. ഏതാണ്ട് രണ്ട് ദശാബ്ദത്തിലധികം നീണ്ട ബിജെപിയുമായുള്ള ബന്ധമാണ് സുഖ്ബീർ സിംഗ് ബാദലിന്റെ പാർട്ടി അവസാനിപ്പിച്ചത്. വർഷങ്ങളോളം പഞ്ചാബ് മാറി മാറി ഭരിച്ച അകാലിദളിനോടും കോൺഗ്രസിനോടും പഞ്ചാബി ജനതയ്ക്ക് ഇപ്പോൾ കാര്യമായ പ്രതിപത്തി ഇല്ലെന്നതാണ് വസ്തുത. മോഹന വാഗ്ദാനങ്ങൾ നൽകി ഏറെ പ്രതീക്ഷയോടെ അധികാരത്തിൽ എത്തിയ എഎപി സർക്കാരിനെതിരെ ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ ജനവികാരം ശക്തമാണ്.
ഖലിസ്ഥാൻ വിഘടനവാദികളുമായുള്ള എഎപി പഞ്ചാബ് ഘടകത്തിന്റെ ബന്ധം സിഖ് മതസ്ഥർക്കിടയിൽ പോലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വാഗ്ദാന ലംഘനങ്ങളും മദ്യകുംഭകോണവും അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമെല്ലാം പഞ്ചാബിലും ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി കരുത്ത് തെളിയിക്കാനാണ് ബിജെപിയുടെ ശ്രമം. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കറിന്റെ നേതൃത്വത്തിൽ ഇതിനായി കരുക്കൾ നീക്കുകയാണ് ബിജെപി.
Discussion about this post