എറണാകുളം: ഒഡീഷ സ്വദേശി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന് ആദരാഞ്ജലികൾ നേർന്ന് നടൻ മോഹൻലാൽ. വിനോദിന്റെ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഇന്നലെ രാത്രിയോടെയായിരുന്നു വിനോദ് കൊല്ലപ്പെട്ടത്.
വിനോദിന്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാൽ ആദരാഞ്ജലികൾ നേർന്നത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികളെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിനൊപ്പം അഞ്ച് സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകൻ, ഒപ്പം എന്നീ സിനിമകളിൽ ആയിരുന്നു മോഹൻലാലിനൊപ്പം വിനോദ് അഭിനയിച്ചത്.
ഇതുവരെ 14 സിനിമകളിൽ ആണ് വിനോദ് അഭിനയിച്ചിട്ടുള്ളത്. ഗ്യാംഗ്‌സ്റ്റർ എന്ന ആഷിക് അബുവിന്റെ ചിത്രത്തിലൂടെയായിരുന്നു വിനോദ് അഭിനയ രംഗത്തേക്ക് എത്തിയത്. വിനോദിന്റെ മരണവാർത്തയറിഞ്ഞ് നടി സാന്ദ്രാ തോമസ് ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു വിനോദ് കൊല്ലപ്പെട്ടത്. ടിക്കറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ വാതിലിന്റെ ഭാഗത്ത് നിൽക്കുകയായിരുന്ന പ്രതിയോട് വിനോദ് ടിക്കറ്റ് ചോദിച്ചു. എന്നാൽ ഇയാൾ തള്ളി താഴെയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ വിനോദ് എതിരെ വന്ന മറ്റൊരു ട്രെയിൻ ശരീരത്തിലൂടെ കയറി ഇറങ്ങിയാണ് മരിച്ചത്.
Discussion about this post