പാലക്കാട്: വർഷങ്ങൾക്ക് ശേഷം എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കിയ വിക്ടോറിയ കോളേജിന്റെ മുറ്റത്ത് എത്തി ബിജെപി സ്ഥാനാർത്ഥിയും മുൻ പ്രിൻസിപ്പാളുമായ ഡോ ടി.എൻ സരസു ടീച്ചർ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സരസു ടീച്ചർ കോളേജിൽ എത്തിയത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഇവർ.
വിക്ടോറിയ കോളേജിന്റെ മുൻഭാഗത്തായിട്ടായിരുന്നു എസ്എഫ്‌ഐക്കാർ സരസുവിന് കുഴിമാടം തീർത്തത്. ഇവിടമായിരുന്നു സരസു ടീച്ചർ സന്ദർശിച്ചത്. അവർക്കൊപ്പം ബിജെപി പ്രവർത്തകരും എബിവിപി പ്രവർത്തകരും കോളേജിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സരസു ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വിക്ടോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് സരസു ടീച്ചർക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത്.
തന്റെ സ്ഥാനാർത്ഥിത്വം എസ്എഫ്‌ഐക്കാർക്കുള്ള മറുപടിയാണെന്നും ഇവരുടെ ക്രൂരതയ്ക്ക് ഇരയായവർക്ക് വേണ്ടിയാണെന്നും സരസു ടീച്ചർ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളേജിൽ എത്തിയത്. 2016 മാർച്ച് 31 നായിരുന്നു എസ്എഫ്‌ഐക്കാർ ടീച്ചർക്ക് കുഴിമാടം ഒരുക്കിയത്.
ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദിനമായിരുന്നു അന്ന്. രാവിലെ മുൻഭാഗത്തെ ഗ്രൗണ്ടിൽ മലയാളം പഠന വിഭാഗത്തോട് ചേർന്നുള്ള സ്ഥലത്ത് എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കുകയായിരുന്നു. ഇതിന് പുറത്ത് റീത്തു വയ്ക്കുകയും ചന്ദനത്തിരി കത്തിച്ച് വയ്ക്കുകയും ചെയ്തു. ഈ സംഭവം ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു.
Discussion about this post