തിരുവനന്തപുരം: ഇടത്- വലത് മുന്നണികളുടെ നിരോധിത ഭീകര സംഘടനയുമായുള്ള ബന്ധത്തിൽ വിമർശനവുമായി ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരോധിത ഭീകര സംഘടനകളുമായുള്ള ഇടത്- വലത് മുന്നണികളുടെ ബന്ധം ഞെട്ടലോടെയാണ് കാണുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. ഈ സംഘടനയുടെ സഹായമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഈ ബന്ധം രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും പ്രകാശ് ജാവ്‌ദേക്കർ വ്യക്തമാക്കി.
3500 ൽ അധികം കേസുകലാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഉള്ളത്. എൻഐഎ നടത്തിയ പരിശോധനയ്ക്ക് ശേഷം നേതാക്കൾ ഉൾപ്പെടെ നൂറോളം ഭീകരർ ജയിലിലുമാണ്. കേരളത്തിൽ മാത്രമല്ല ഇടത് വലത് മുന്നണികൾക്ക് മറ്റ് സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ടുമായി കൂട്ടുകെട്ടുണ്ട്. ഇരു മുന്നണികളും സംഘടനയെ പിന്തുണയ്ക്കുന്നതിൽ മത്സരിക്കുകയാണ്. പലപ്പോഴും കോൺഗ്രസ് ചൈനയുടെ ശബ്ദമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുമ്പ് ബിജെപി നേതാവ് ആയിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർക്ക് വധ ശിക്ഷ ലഭിച്ചു. ഇവരെയാണ് കോൺഗ്രസും സിപിഎം ചേർന്ന് പിന്തുണയ്ക്കുന്നത്. കോൺഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് സിപിഎമ്മും സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് കോൺഗ്രസും പറയുന്നു. എന്നാൽ സത്യമെന്താണെന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് വ്യക്തമായിക്കാണും. രാഹുൽഗാന്ധിയും എൽഡിഎഫ് നേതാക്കളും ഒരുമിച്ച് കൈകോർത്ത് വേദി പങ്കിട്ടത് എല്ലാവരും കണ്ടുവെന്നും പ്രകാശ് ജാവ്‌ദേക്കർ വ്യക്തമാക്കി.
Discussion about this post