ഭോപ്പാൽ: കേരളത്തിൽ യുഡിഎഫിന് എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പിന്തുണ നൽകിയതിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് നിങ്ങളുടെ ശ്രമമെങ്കിൽ അത് ഒരിക്കലും സഹിക്കില്ല. തോൽക്കുമെന്ന് ഭയന്ന് ഒളിച്ചോടുന്ന സ്വഭാവമാണ് കോൺഗ്രസിന്റേതെന്നും സ്മൃതി ഇറാനി ആഞ്ഞടിച്ചു.
‘ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക നൽകിയത് അറിഞ്ഞു. കോൺഗ്രസ് ഇപ്പോൾ ഭീകരവാദ സംഘടനകളിൽ നിന്നാണ് പിന്തുണ ആവശ്യപ്പെടുന്നത്. പാർലമെന്റിൽ ആർട്ടിക്കിൾ 370 എ റദ്ദാക്കിയതിനെ എതിർത്തവരാണ് ഇവർ. ബാലാക്കോട്ടിലെ വ്യോമാക്രമത്തിന്റെ തെളിവിനായി മണ്ണുമാന്തി യന്ത്രം ആവശ്യപ്പെട്ടവരാണ് ഇവർ. അവർ ഇപ്പോൾ അധികാരത്തിനായി രാജ്യത്തെ ഭീഷണിപ്പെടുത്തുന്നു. രാജ്യത്തെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ ശ്രമിച്ചാൽ, അത് സഹിക്കാൻ കഴിയില്ല. ക്ഷമിക്കുകയുമില്ല’- സ്മൃതി ഇറാനി തുറന്നടിച്ചു.
യുഡിഎഫിന് എസ്ഡിപിഐ പിന്തുണ നൽകിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വാസമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് അമിത് ഷാ തുറന്നടിച്ചു. കോൺഗ്രസിനെ എസ്ഡിപിഐ പിന്തുണയ്ക്കുന്നത് കണ്ടപ്പോൾ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളെ പാർട്ടി പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post