കണ്ണൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഷിബു ബേബി ജോൺ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാൽ തോന്നിയതു പോലെ പറയുന്നു എന്നും ഗോവിന്ദൻ പറഞ്ഞു.
ബോംബ് നിർമിച്ചവർക്ക് പാർട്ടി അംഗത്വമില്ല. മുൻപ് സഹകരിച്ചിരുന്നവർ ആണ്. തെറ്റായസമീപനം സ്വീകരിച്ചതിൻറെ പേരിൽ അകറ്റി നിർത്തി. അവർ അരാഷ്ട്രീയനിലപാട് സ്വീകരിച്ചു. അരാജകജീവിതം നയിക്കുന്നവരായി. എൽഡിഎഫ് പ്രവർത്തകർ പ്രകോപിതരാകരുത്. ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാൻ യുഡിഫ് ശ്രമമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ടതാണ് സ്ഫോടനം നടന്ന സ്ഥലം. കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലെ കൈവേലിക്കലിന് അടുത്താണിത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുൻപ് കാസർകോട് പേര്യയിൽ നടന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി.പി.എമ്മിന് രാഷ്ട്രീയതിരിച്ചടിയായിരുന്നു.
Discussion about this post