കണ്ണൂർ: പാനൂരിലെ ബോംബ് നിർമ്മാണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ പാർട്ടിയ്ക്ക് പങ്കുള്ളതായി വ്യക്തമായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ നാല് മാസം മുൻപ് ബോംബ് നിർമ്മാണം സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് ഇന്റലിജൻസ് വിവരം നൽകിയിരുന്നതായുള്ള വിവരം പുറത്തുവരികയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.
പ്രതികൾ ബോംബ് നിർമ്മിക്കുമെന്ന് 4 മാസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. ബോംബ് നിർമ്മിച്ചത് ഗുരുതര നിയമലംഘനം ആണ്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ കൂടി കസ്റ്റഡിയിൽ ആയിട്ടുണ്ട്. പ്രദേശവാസികളായ അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരാണ് കസ്റ്റഡിയിൽ ആയത്. സ്‌ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ഇവർ. ഇതിൽ സായൂജ് സംഭവത്തിന് പിന്നാലെ കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ പാലക്കാട് വച്ചാണ് ഇയാളെ പിടികൂടിയത്. ബോംബ് നിർമ്മാണത്തിൽ പങ്കാളികളായ എട്ട് പേരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post