എറണാകുളം: മൂവാറ്റുപുഴയിൽ വിവിധ ഭാഷാ തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് പ്രതിയായ സിപിഐ നേതാവ്. തെളിവെടുപ്പിനിടെ മാദ്ധ്യമങ്ങളോട് ആയിരുന്നു സിപിഐ നേതാവിന്റെ പ്രതികരണം. തന്നെ കുടുക്കിയത് ആണെന്നും ഇയാൾ പറഞ്ഞു.
സിപിഐയുടെ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയാണ് ഞാൻ. ചുറ്റുവട്ടത്ത് അന്വേഷിച്ചാൽ സംഭവത്തിൽ തനിയ്ക്ക് പങ്കില്ലെന്ന് വ്യക്തമാകും. ഏത് അന്വേഷണവും നടക്കട്ടെ. ഏത് കോടതിയിൽ വേണമെങ്കിലും നിരപരാധിത്വം തുറന്നു പറയും. തന്റെ നിരപരാധിത്വം തനിക്ക് തെളിയിക്കണം എന്നും സിപിഐ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്റെ മകന്റെ വിവാഹം ആണ് നടക്കാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നത്തിനും താൻ നിൽക്കില്ല. സംഭവം നടക്കുമ്പോൾ ഇവിടെ വന്നു എന്നത് സത്യമാണ്. എന്നാൽ അപ്പോഴേയ്ക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം തെളിവ് തന്റെ ഫോണിൽ ഉണ്ടെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു.
അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സുഹൃത്തായ യുവതിയെ കാണാൻ എത്തിയതായിരുന്നു അശോക് ദാസ്. ഇതിനിടെ ആൾക്കൂട്ടം പിടികൂടി മർദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു. ഇതേ തുടർന്ന് സാരമായി പരിക്കേറ്റ അശോക് ദാസ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരിക്കുകയായിരുന്നു.
Discussion about this post