കണ്ണൂർ; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ’- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഏരിയ കമ്മറ്റി അംഗം സുധീർ, ലോക്കൽ കമ്മറ്റി അംഗം അശോകൻ എന്നിവരാണ് സന്ദർശനത്തിനെത്തിയത്. സംസ്‌കാര ചടങ്ങിൽ കെപി മോഹനൻ എംഎൽഎയും സജീവമായി പങ്കെടുത്തിരുന്നു.എം എൽ എ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ നൽകിയ വിശദീകരണം.
എന്നാൽ ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാൾക്കും പരിക്കേറ്റവർക്കും പാർട്ടി ബന്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം പറയുന്നത്.
സി.പി.എമ്മുകാരെ മർദിച്ച കേസിൽ പ്രതികളാണ് മരിച്ച ഷറിലും പരിക്കേറ്റ വിനീഷും എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് പാർട്ടിയുടെ പ്രതിരോധം മുഴുവൻ. പാനൂർ ഏരിയ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരെ ഈ വിഷയമാണ് ആവർത്തിക്കുന്നത്.
പാനൂരിൽ സ്‌ഫോടനത്തിലെ പ്രതികളും ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ചിലരുമായി അടുത്ത ബന്ധം പുലർത്തിയവരാണ്. സ്‌ഫോടനസമയത്ത് ഒരു ഡസനോളം പേർ അവിടെയുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവർ എന്ന നിലക്കാണ് ഇവരെല്ലാം അറിയപ്പെടുന്നത്.













Discussion about this post