പാലക്കാട് : കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തിൽ കാവൽ ഇരുന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചളവറയിൽ ആണ് സംഭവം നടന്നത്. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ എന്ന 48 വയസ്സുകാരനാണ് മരിച്ചത്. വാഴത്തോട്ടത്തിന് സമീപത്തെ ചെറിയ ഇടവഴിയിൽ ആണ് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു സമീപമുള്ള ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി ചെയ്യുകയായിരുന്നു രാമചന്ദ്രൻ. അടുത്ത ഓണക്കാലം ലക്ഷ്യമാക്കിയായിരുന്നു നേന്ത്രവാഴ കൃഷി നടത്തിയിരുന്നത്. എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വാഴത്തോട്ടത്തിൽ ആയിരുന്നു രാമചന്ദ്രൻ കിടന്നിരുന്നത്.
ഏതാനും നാളുകൾക്ക് മുൻപ് കാട്ടുപന്നി ശല്യം മൂലം രണ്ടാം വിള നെൽകൃഷി വ്യാപകമായി നശിച്ചത് കൊണ്ട് വലിയ സാമ്പത്തിക നഷ്ടം രാമചന്ദ്രൻ നേരിട്ടിരുന്നു. വാഴകൃഷിയും നശിക്കാതിരിക്കാനാണ് ഇദ്ദേഹം രാത്രി സമയങ്ങളിൽ ഇവിടെ കാവൽ കിടന്നിരുന്നത്. രാവിലെ ഇദ്ദേഹം വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് രാമചന്ദ്രനെ ഇടവഴിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Discussion about this post