ബംഗളൂരു : രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തു. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ താഹ എന്നിവർ പിടിയിലായതായത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഐഎസ് ബംഗളൂരു മൊഡ്യൂളിന്റെ ഭാഗമാണ് അബ്ദുൾ മതീൻ താഹയും മുസാഫിർ ഹുസൈൻ ഷാസിബും. 2020 തീവ്രവാദക്കേസിൽ പ്രതികളായ ഇരുവരെയും പോലീസ് അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ വ്യാജ പേരിൽ ഇരുവരും ബംഗാളിൽ താമസിക്കുകയായിരുന്നു എന്ന് എൻഐഎ വ്യക്തമാക്കി.
സ്ഫോടനക്കേസ് പ്രതികൾ കൊൽക്കത്തയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ പോലീസിന്റെ സഹായത്തോടെ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടികൂടി. കഫേയിൽ ഐഇഡി സ്ഥാപിച്ചത് മുസാഫിർ ഹുസൈൻ ഷാസിബും, സ്ഫോടനം ആസൂത്രണം ചെയ്തതിന് പിന്നിലെ സൂത്രധാരൻ അബ്ദുൾ മതീൻ താഹയും ആണെന്ന് എൻഐഎ റിപ്പോർട്ടിൽ പറയുന്നു.
മുസാഫിർ ഹുസൈൻ ഷാസിബ്, മുഹമ്മദ് ജുനേദ് സായിദ് എന്ന പേരിലും താഹ, വിഘ്നേഷ് എന്ന ഹിന്ദു പേരിലുമാണ് ഒളിവിൽ കഴിഞ്ഞത്. വ്യാജ പേരുകളിലുള്ള ആധാർ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ, തെലങ്കാന, കേരള കർണാടക എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്റെയും കേന്ദ്ര ഇന്റലിജൻസ് ഏൻസികളുടെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത് എന്ന് എൻഐഎ അറിയിച്ചു.
രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് എൻഐഎ നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ചിക്കമംഗളൂർ സ്വദേശിയായ മുസാമിൽ ഷെരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുകൊടുത്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post