ന്യൂഡൽഹി : 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തക്കതായ തിരിച്ചടി നൽകാൻ യുപിഎ സർക്കാർ തയ്യാറായില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. അന്ന് പാകിസ്താന് മറുപടി നൽകണമെന്ന് വിചാരിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം, പാകിസ്താനെ ആക്രമിക്കുന്നതിന് ചിലവ് കൂടുതലാണെന്നും അതിനേക്കാൾ ഉചിതം മിണ്ടാതിരിക്കുകയാണ് എന്നുമുള്ള നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു എന്നും ജയ്ശങ്കർ വിമർശിച്ചു. ഭീകരാക്രമണങ്ങൾക്ക് ഉടൻ മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങളെ എങ്ങനെ ചെറുക്കും എന്നും അദ്ദേഹം ചോദിച്ചു.
2008 ൽ മുംബൈയിൽ നടന്ന ആക്രമണം ഇപ്പോൾ നടന്നാൽ, അതിനെതിരെ ആരും പ്രതികരിച്ചില്ലെങ്കിൽ എന്താകും അവസ്ഥ. പിന്നെ എങ്ങനെയാണ് മറ്റൊരു ആക്രമണത്തെ നമുക്ക് ചെറുക്കാൻ സാധിക്കുക” അദ്ദേഹം ചോദിച്ചു.
ഭീകരർ നിയമം നോക്കാതെയാണ് ആക്രമിക്കുന്നത്. അപ്പോൾ അവർക്ക് നൽകുന്ന ഉത്തരവും അങ്ങനെ തന്നെയായിരിക്കണമെന്നും അദ്ദേഗം വ്യക്തമാക്കി. ”വൈ ഭാരത് മാറ്റേഴ്‌സ്” എന്ന അദ്ദേഹത്തിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് രാജ്യവുമായി നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യയ്ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളത് എന്ന ചോദ്യത്തിന് അത് നമ്മുടെ അയൽ രാജ്യം തന്നെയാണ് എന്ന് അദ്ദേഹം നിസ്സംശയം മറുപടി നൽകി. നമ്മുടെ ഏറ്റവും അടുത്ത അയൽവാസി തന്നെയാണ് അത്. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയും പാകിസ്താൻ തന്നെയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
” എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നമ്മൾ സ്വയം വിലയിരുത്തണം. ഇതിന്റെ പ്രധാനകാരണം നമ്മൾ തന്നെയാണ്. പാകിസ്താൻ നമുക്കെതിരെ ഭീകരവാദമാണ് ഉപയോഗിക്കുന്നതെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നെങ്കിൽ ഇത് ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കാല്ലായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.
2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നു. അതിന് മുൻപ് തന്നെ ഇവിടെ ഭീകരവാദം നിലനിൽക്കുന്നുണ്ട്. 1947ൽ പാക്കിസ്താനിൽ നിന്നുള്ള ആളുകൾ കശ്മീരിൽ വന്ന് ആക്രമണം നടത്തി, അത് തീവ്രവാദമായിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു. അവർ വലിയ തോതിൽ ആളുകളെ കൊല്ലുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Discussion about this post