നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3നാണ് റയൽ മറികടന്നത്. ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോട് സെമിയിലേറ്റ പരാജയത്തിന് മധുര പ്രതികാരം തീർക്കാനും കാർലോ ആൻസലോട്ടിയുടെ ടീമിനായി.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്‌കോർ 1-1 എന്ന നിലയിൽ തുല്യത പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് വഴി മാറിയത്. റോഡ്രിഗോയുടെ ഗോളിൽ പന്ത്രണ്ടാം മിനിറ്റിൽ തന്നെ മുന്നിൽ എത്താൻ റയലിനായി. എന്നാൽ, ഗോൾ മടക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമം ഹാഫ് ടൈമിന്റെ അവസാനമാണ് വിജയം കണ്ടത്. 76 ആം മിനിറ്റിൽ പ്ലേ മേക്കർ കെവിൻ ഡി ബ്രൂയിനെയാണ് സിറ്റിക്കായി സ്‌കോർ ചെയ്തത്.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ റയൽ മാഡ്രിഡിനായി വെറ്ററൻ താരം ലുക്ക മോഡ്രിച്ച് കിക്ക് പാഴാക്കി. മോഡ്രിച്ചിന്റെ ഷോട്ട് സിറ്റി ഗോൾ കീപ്പർ എഡേഴ്സൻ തടുത്തിട്ടു. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ബെർണാഡോ സിൽവയുടെയും കൊവാസിച്ചിന്റെ കിക്കുകൾ സേവ് ചെയ്ത് റയൽ മാഡ്രിഡ് ഗോൾ കീപ്പർ ആന്ദ്രേ ലുനിൻ വിജയശിൽപ്പിയായി.
തുടർച്ചയായ രണ്ടാം സീസണിലും ട്രെബിൾ നേടാമെന്ന സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ സ്വപ്നമാണ് റയലിന്റെ ചുണക്കുട്ടികൾ തകർത്തത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബുവിൽ അരങ്ങേറിയ ആദ്യപാദ ക്വാർട്ടർ 3-3ന് സമനിലയാകുകയായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ തുടർച്ചയായ നാലാം സീസണിലാണ് റയൽ മാഡ്രിഡ് സെമി കളിക്കുന്നത്.
മ്യൂണിക്കിൽ നടന്ന ക്വാർട്ടർ പോരിൽ ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സനലിനെ വീഴ്ത്തി ജർമ്മൻ കരുത്തരായ ബയേൺ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ പ്രവേശിച്ചു. രണ്ടാംപാദ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ മ്യൂണിക്ക് ആഴ്സനലിനെ തോൽപ്പിച്ചത്. 63 ആം മിനിറ്റിൽ ജോഷുവ കിമ്മിച്ചാണ് ബയേണിന്റെ വിജയം ഉറപ്പിച്ച ഏക ഗോൾ നേടിയത്.
ആദ്യപാദ ക്വാർട്ടറിൽ ആഴ്സനലിനെ അവരുടെ ഗ്രൗണ്ടിൽ ബയേൺ 2-2ന് സമനിലയിൽ തളച്ചിരുന്നു. 3-2ന്റെ അഗ്രിഗേറ്റ് സ്‌കോറിനാണ് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിന്റെ സെമി ബെർത്ത് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡാണ് ബയേൺ മ്യൂണിക്കിന്റെ എതിരാളികൾ.
Discussion about this post