തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. വിദ്വേഷ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയതു. കോഴിക്കോട് സിറ്റി പോലീസാണ് ഷമ മുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ഷമ മുഹമ്മദ് വിദ്വേഷം പ്രസംഗം നടത്തിയത്.
വിദ്വേഷ പ്രചാരണം നടത്തുകയും അത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിൽ അത് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 153, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 ാം വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഏഴാം തീയതിയായിരുന്നു ഷമയുടെ പ്രസംഗം . നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം പളളിയും ക്രിസ്ത്യൻ പളളിയും ഉണ്ടാകില്ലെന്നുൾപ്പെടെയായിരുന്നു ഷമയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ ഇവർ എക്സിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു.
Discussion about this post