ഭോപ്പാൽ : ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുൻ എംഎൽഎ ഉൾപ്പെടെ നിരവധി കോൺഗ്രസുകാർ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. മുൻ കോൺഗ്രസ് എംഎൽഎ ഹരി വല്ലഭ് ശുക്ലയും മറ്റ് കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിൽ ചേർന്നത്. ഭോപ്പാലിലെ സംസ്ഥാന ബിജെപി ഓഫീസിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
മുൻ സംസ്ഥാന മന്ത്രി നരോതം മിശ്ര, സംസ്ഥാന മന്ത്രി ഗോവിന്ദ് രാജ്പുത്, ബിജെപി നേതാവ് സുരേഷ് പച്ചോരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ ആകൃഷ്ടനായാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് ഹരി വല്ലഭ് ശുക്ല പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വികസന നയം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രവർത്തിക്കും . പുതിയ തലമുറയ്ക്കായി ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങളുടെ കുടുംബത്തിൽ (ബിജെപി) നിങ്ങളെ എല്ലാവരെയും ഞങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. ഏത് വിഷയത്തിലും നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകാം എന്ന് മോഹൻ യാദവ് പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് നിരാശയുണ്ട്. കോൺഗ്രസ് സാധാരണക്കാരുടെ പാർട്ടിയായിരുന്നു. 70 വർഷം ഭരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പാർട്ടി കുറച്ച് നേതാക്കളുടെ കൈകളിൽ മാത്രമായി പോയിരിക്കുന്നു എന്ന് ഹരി വല്ലഭ് ശുക്ല പറഞ്ഞു.
Discussion about this post