തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി. സംഭവത്തിൽ കേസ് എടുത്തു. 12 പേർക്കെതിരെയാണ് കേസ് എടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൺ അറിയിച്ചു.
ഇവിഎമ്മുകൾ തട്ടിപ്പാണെന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെയാണ് നടപടി. മലപ്പുറം, എറണാകുളം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് സഞ്ജയ് കൗൾ അറിയിച്ചു.
തിരഞ്ഞെടുപ്പിന് തടസ്സമുണ്ടാക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയെന്ന് സഞ്ജയ് കൗൾ വ്യക്തമാക്കി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഈ സംഘങ്ങൾ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post