മലപ്പുറം : സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിൽ എൽഡിഎഫിന്റെ വർഗീയ വിദ്വേഷ പരസ്യം. സംഭവത്തിനെതിരെ മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് പ്രതിഷേധം നടന്നത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് സുപ്രഭാതം പത്രം കത്തിച്ചത്.
ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാംകിട പൗരന്മാരാകും, ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നിങ്ങനെയുള്ള തലക്കെട്ടുകളോട് കൂടിയാണ് എൽഡിഎഫ് പരസ്യം സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പടവും പരസ്യത്തിൽ ഉണ്ടായിരുന്നു. എൽഡിഎഫിന്റെ പരസ്യം സമസ്തയുടെ പത്രം നൽകിയതിനെതിരെയാണ് പ്രതിഷേധിച്ചത് എന്നാണ് പത്രം കത്തിച്ച മുസ്ലിം ലീഗ് പ്രവർത്തകനായ കോമുക്കുട്ടി ഹാജി വ്യക്തമാക്കിയത്.
തിരൂരങ്ങാടി കൊടിഞ്ഞിയിലെ മുസ്ലിം ലീഗ് പ്രവർത്തകനാണ് പ്രതിഷേധിച്ച കോമുക്കുട്ടി ഹാജി. വർഷങ്ങളായി മുസ്ലിം ലീഗിനും സമസ്തക്കും വേണ്ടി പ്രവർത്തിക്കുന്ന ആളാണ് താനെന്നും തനിക്ക് ഒരിക്കലും ഈ പരസ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കോമുക്കുട്ടി ഹാജി വ്യക്തമാക്കി. എന്നാൽ സംഭവം വാർത്തയായതോടെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ് മുസ്ലിം ലീഗ്. കോമുക്കുട്ടി ഹാജി ലീഗിന്റെ ഔദ്യോഗിക ഭാരവാഹിത്വം ഉള്ളയാളല്ല എന്നാണ് മുസ്ലിംലീഗ് സംഭവത്തെ ന്യായീകരിക്കുന്നത്. ഇത്തരത്തിൽ ഹീന പ്രവൃത്തികൾ ചെയ്യുന്നവരെ കരുതിയിരിക്കണം എന്ന് സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ സെലെയും പ്രതികരിച്ചു.
Discussion about this post