വേനൽ കാലത്ത് ആരോഗ്യപ്രശ്‌നങ്ങൾ സർവ്വ സാധാരണമാണ്. ഇതിനൊപ്പം ചർമ്മ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനമാണ് വെയിലേൽക്കുന്നതിനെ തുടർന്ന് മുഖം കരിവാളിക്കുന്നത്. ഇത് നമ്മുടെ മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തെ സാരമായി ബാധിക്കാറുണ്ട്.
വെയിലേറ്റു മൂലം ചർമ്മത്തിനുണ്ടാകുന്ന ഈ നിറം മങ്ങലിനെ സൺ ടാൻ എന്നാണ് പറയാറുള്ളത്. ഇത് പരിഹരിക്കാൻ വിപണിയിൽ നിരവധി സൗന്ദര്യ വർദ്ധക ക്രീമുകൾ ലഭ്യമാണ് എങ്കിലും ഫലം ചെയ്യണം എന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുളള ചില സാധനങ്ങൾ കൊണ്ട് തിളക്കം മങ്ങിയ മുഖം നമുക്ക് സുന്ദരമാക്കാം.
മുഖം സുന്ദരമാക്കാൻ മഞ്ഞളിനെക്കാൾ ഫലപ്രദമായ ഒറ്റമൂലി വേറെ ഇല്ല. ഭൂരിഭാഗം സൗന്ദര്യ വർദ്ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് മഞ്ഞൾ. മുഖത്തെ കരിവാളിപ്പ് അകറ്റാനും മഞ്ഞൾ ഫലപ്രദമാണ്. തൈരിൽ അൽപ്പം മഞ്ഞപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുക. ഇതിന് ശേഷം 20 മിനിറ്റ് നേരം വയ്ക്കുക. ഉണങ്ങി കഴിഞ്ഞാൽ പതുക്കെ വെള്ളം കൊണ്ട് മസാജ് ചെയ്ത് ശേഷം കഴുകി കളയാം.
തേനും ഓറഞ്ചും തൈരും ചേർത്തുകൊണ്ടുള്ള ഫേസ്പാക്കും മുഖത്തെ കരിവാളിപ്പ് മാറാൻ മികച്ചതാണ്. കയ്പുള്ള ഓറഞ്ചിന്റെ തൊലികൾ ഉണക്കിയെടുത്ത ശേഷം നന്നായി പൊടിച്ചെടുത്ത് തേനും തൈരിം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ഇതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് സൂര്യപ്രകാശം ഏറ്റുള്ള മുഖത്തെ കരിവാളിപ്പ് മാറാൻ മികച്ചതാണ്.
വേനൽ കാലത്ത് കൂടുതലായും കഴിക്കുന്ന പഴമാണ് തണ്ണിമത്തൻ. ഇത് അകത്ത് കഴിക്കുന്നതും മുഖത്ത് തേയ്ക്കുന്നതും ചർമ്മത്തിന് നിറം ലഭിക്കാൻ സഹായകമാകുന്നു.
ചന്ദനവും റോസ് വാട്ടറും ഉപയോഗിച്ചുള്ള മിശ്രിതവും ചർമ്മത്തിന് ഏറെ ഗുണകരമാണ്. ചന്ദനപ്പൊടിയും റോസ് വാട്ടറും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം 10 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ഇതിന് ശേഷം മുഖത്ത് പുരട്ടാം.
കറ്റാർവാഴ ജെൽ മുഖത്ത് തേയ്ക്കുന്നതും സൂര്യരശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാണ്. തക്കാളിയും നാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
Discussion about this post