ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചാനൽ സംവാദനത്തിനിടെ ബിജെപി നേതാവിന് നേരെ ആക്രമണം. ബിജെപി തിക്കമഗാവ് മീഡിയ സെൽ അദ്ധ്യക്ഷൻ പ്രഫുൽ ദ്വിവേദിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയോടെ നാസർബാഗിലായിരുന്നു സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ചാനൽ സംവാദ പരിപാടി സംഘടിപ്പിച്ചത്. ബിജെപിയ്ക്ക് പുറമേ മറ്റ് പാർട്ടികളുടെ നേതാക്കളും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇതിനിടെ പരിപാടിയിൽ പങ്കെടുത്തിരുന്ന കോൺഗ്രസ് പ്രവർത്തകരായ ഹിമാൻഷു തിവാരി, ബാബർ എന്നിവർ ബിജെപിയെയും പ്രധാന മന്ത്രിയെയും അവഹേളിച്ചുകൊണ്ട് പരാമർശങ്ങൾ നടത്തുകയായിരുന്നു. അശ്ലീല പ്രയോഗങ്ങൾ ഉൾപ്പെടെ ഇവർ നടത്തി. ഇതോടെ പ്രഫുൽ ഇടപെടുകയായിരുന്നു.
ചാനൽ പരിപാടിയാണെന്നും മാന്യമായി സംസാരിക്കണം എന്നും അദ്ദേഹം ഇവരോട് പറഞ്ഞു. എന്നാൽ പ്രതികൾ കസേരകൾ കൊണ്ട് അദ്ദേഹത്തെ അടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ അദ്ദേഹത്തെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ഇതോടെ മറ്റ് പ്രവർത്തകരും ചാനൽ ജീവനക്കാരും എത്തി പ്രതികളെ തടയുകയായിരുന്നു. സംഭവ സമയം ഇവിടെ പോലീസ് ഉണ്ടായിരുന്നു. ഇവർ എത്തിയപ്പോഴേയ്ക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്ന പോലീസ് ബാബറിനെ പിടികൂടി. തിവാരിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post