എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഇഡി നോട്ടീസ് നൽകിയിരുന്നു. സിപിഎമ്മിൻറെ തൃശ്ശൂരിലെ ആസ്ഥിവകകൾ, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം ഇഡിയ്ക്ക് മുൻപിൽ ഹാജരാക്കും.
രാവിലെ 10 മണിയോടെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം അഞ്ചിനും ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് അദ്ദേഹം നൽകിയ മൊഴികളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അന്ന് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പും പരിശോധിച്ചിരുന്നു.
കരുവന്നൂർ ബാങ്കിൽ പാർട്ടിയ്ക്ക് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇന്ന് ശേഖരിക്കും. സിപിഎമ്മിന്റെ രഹസ്യ ബാങ്ക് അക്കൗണ്ടുകൾ വഴി കോടികളുടെ പണമിടപാടാണ് നടന്നത് എന്നാണ് വിവരം. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായ നികുതി വകുപ്പിന്റെ പക്കൽ നിന്നും മറച്ചുവച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ആദായ നികുതി വകുപ്പും എംഎം വർഗ്ഗീസിൽ നിന്നും വിവരങ്ങൾ തേടിയത്.
Discussion about this post