ഇന്ന് പലരും പറയുന്ന സൗന്ദര്യപ്രശ്‌നമാണ് കണ്ണിന് അടിയിലെ കറുപ്പ്. ന്നൊൽ ഇത് കേവലം സൗന്ദര്യ പ്രശ്‌നമെന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന വിഷയമാണോ ? കണ്ണിനടിയിൽ എന്തുകൊണ്ട് കറുപ്പ് ഉണ്ടാകുന്നു, ഇത് മാറ്റുവാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
ഉറക്കമില്ലായ്മ മാത്രമല്ല. മറ്റു പല ആരോഗ്യപ്രശ്‌നങ്ങളുടെയും ശരീരം നൽകുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ ലക്ഷങ്ങളിൽ ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. അതുകൊണ്ട് തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും കണ്ണിന് താഴെ കാണുന്ന കറുപ്പ് മാറുന്നില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുഴിഞ്ഞ കണ്ണുള്ളവർക്കും സ്വാഭാവികമായി കണ്ണിന് താഴെ കറുത്ത പാടുകൾ ഉണ്ടാകാം. ഹീമോഗ്ലോബിൻ കുറയുന്നതും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. ചിലരിൽ ജീനുകളിലെ ചില പ്രശ്നങ്ങളാകാം ഇത്തരം കറുപ്പ് നിറത്തിന് കാരണം. ഇത്തരം സന്ദർഭങ്ങളിൽ, ശരിയായ ചികിത്സയ്ക്കായി ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.
സൗന്ദര്യവർദ്ധക വസ്തുക്കൾ താൽക്കാലികമായി മാത്രമേ പ്രശ്നം പരിഹരിക്കൂ ഇവ വാങ്ങി പണം കളയുന്നതിനേക്കാൾ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാകും നല്ലത്.
വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോൾ കഴുകി കളയണം. കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും ഈ രീതി സഹായിക്കും.
കൺപോളകളുടെ വീക്കം മാറാൻ ഏറ്റവും അത്യാവശ്യം വേണ്ടത് ശരിയായ ഉറക്കമാണ്. ഒപ്പം ഗ്രീൻ ടീ ബാഗ് പരീക്ഷിയ്ക്കുന്നത് ഇരട്ടി റിസൾട്ട് നൽകും. രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചിട്ട് കഴുകി കളയണം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്സിഡന്റ്സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്. ഒപ്പം കണ്ണിന്റെ വീക്കവും ഇല്ലാതാക്കുന്നു.
തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേർക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.
Discussion about this post