ഇംഫാൽ: മണിപ്പൂരിൽ ഐഇഡി ആക്രമണത്തിൽ പാലം തകർന്നു. മണിപ്പൂരിനെയും നാഗാലാൻഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല.
ഇന്നലെ രാത്രി 12.45 ഓടെയായിരുന്നു ആക്രമണം. രാവിലെ അതുവഴി പോയ വാഹനയാത്രികരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പാലത്തിന്റെ മദ്ധ്യഭാഗത്തായാണ് സ്‌ഫോടനം ഉണ്ടായിട്ടുള്ളത്. ഈ ഭാഗം പൂർണമായും തകർന്ന് ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ പാലത്തിന്റെ രണ്ട് അറ്റത്തായും സ്‌ഫോടനം നടത്തിയിട്ടുണ്ട്.
സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. പാലത്തിന് കേടുപാടുകൾ ഉണ്ടായ സാഹചര്യത്തിൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഉള്ളത്. ദേശീയ പാത രണ്ടിനോട് ചേർന്നാണ് പാലം ഉള്ളത്.
Discussion about this post