കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ അധിക്ഷേപിച്ചതായി പരാതി. വടകരയിൽ നടന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ പരിപാടിക്കിടെ യുഡിഎഫ് പ്രവർത്തകർ കെ കെ ശൈലജയെ ‘കൊവിഡ് കള്ളി’, ‘കാട്ടുകള്ളി’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് അധിക്ഷേപിച്ചതായാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും എൽഡിഎഫ് പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായുള്ള കൊട്ടിക്കലാശത്തിലാണ് കെ കെ ശൈലജക്കെതിരെ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. വടകര അഞ്ചുവിളക്കിന് സമീപം വെച്ച് നടന്ന കൊട്ടിക്കലാശ പരിപാടിയിൽ ആയിരുന്നു ‘കൊവിഡ് കള്ളി, കാട്ടുകള്ളി’ മുദ്രാവാക്യം ഉയർന്നിരുന്നത്.
കെ കെ ശൈലജയെ അധിക്ഷേപിച്ചുള്ള മുദ്രാവാക്യം വിളിയിലൂടെ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് യുഡിഎഫ് നടത്തിയത് എന്ന് എൽഡിഎഫ് ആരോപിക്കുന്നു. സംഭവത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയും പരാതി നൽകുമെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ഇത്തരം അപവാദ പ്രചാരണങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാകും എന്നും എൽഡിഎഫ് അഭിപ്രായപ്പെട്ടു.
Discussion about this post