സിഡ്‌നി : ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി. ബാറ്റിങ്ങില്‍ വിസ്‌ഫോടന ശേഷിയുള്ള ധോണിയാണ് ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനെന്നാണ് ഹസി പറയുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയ്ക്ക് കീഴില്‍ കളിച്ചിട്ടുള്ള ഹസി യുവതാരങ്ങള്‍ ധോണിയില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നും പറഞ്ഞു. എപ്പോഴും ധോണിയെ മാത്രം ആശ്രയിക്കുന്നതില്‍ കാര്യമില്ല. ധോണിയുള്ളപ്പോള്‍ തന്നെ മികച്ച ഫിനിഷിങ്ങിനെക്കുറിച്ചു യുവതാരങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. അവസരം വരുമ്പോള്‍ അതു പ്രയോഗത്തില്‍ കൊണ്ടുവരികയും വേണം- ഹസി അഭിപ്രായപ്പെട്ടു.
ദീര്‍ഘകാലമായി ഇന്ത്യയെ നയിക്കുന്ന ധോണിക്കാണ് എന്റെ പിന്തുണ. സാഹചര്യങ്ങളെ നേരിടാന്‍ ഏറ്റവും യോജിച്ചയാള്‍ ധോണി തന്നെ. അനായാസ ജോലിയല്ലെന്ന കാര്യം ജനങ്ങള്‍ മറക്കുന്നു. എല്ലാ മല്‍സരത്തിലും ക്രീസില്‍ വന്നയുടനെ 30 പന്തുകളില്‍ 60 റണ്‍സുമായി മടങ്ങാനാവില്ല. ബോളര്‍മാര്‍ കഴിവുള്ളവരാണ്. ഓരോ മല്‍സരം കഴിയുന്തോറും അവര്‍ ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ പഠിക്കുന്നു. ധോണിയുടെ കരുത്തിനെക്കുറിച്ചും ദൗര്‍ബല്യത്തെക്കുറിച്ചും അവര്‍ക്കറിയാം- ഹസി പറഞ്ഞു.
Discussion about this post