ബംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കർണാടക ചാമരാജനഗറിൽ നിന്നുള്ള ബിജെപി എംപിയുമായ ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 76 വയസായിരുന്നു. വാർദ്ധഖ്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ചാമരാജനഗറിൽ നിന്നും ആറ് തവണ എംപിയും മൈസൂരു ജില്ലയിലെ നഞ്ചൻഗുഡിൽ നിന്നും രണ്ട് തവണ എംഎൽഎയുമായ നേതാവാണ് അദ്ദേഹം. 1974ൽ കൃഷ്ണരാജ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവേശം. കുട്ടിക്കാലം മുതൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ജൻസംഘ്, എബിവിപി എന്നിവയിലും സജീവമായിരുന്നു.
ശ്രീനിവാസ പ്രസാദിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ‘മുതിർന്ന നേതാവും ചാമരാജനഗറിൽ നിന്നുള്ള എംപിയുമായ ശ്രീനിവാസ പ്രസാദിന്റെ നിര്യാണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ദരിദ്രരുടെയും അധഃസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് അദ്ദേഹം. സാമൂഹ്യപ്രവർത്തനങ്ങൾ കൊണ്ട് ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നർക്കും അനുശോചനം അറിയിക്കുന്നു’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Discussion about this post