തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കു തർക്കത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിലൂടെ യാത്രക്കാരുമായി പോകുന്ന ബസിന്റെ യാത്ര തടസ്സപ്പെടുത്തി മേയറുടെ കാർ നിർത്തിയിട്ടത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സീബ്ര ലൈനിലാണ് മെയർ കാറിട്ടിരിക്കുന്നത്.
സിഗ്‌നലിൽ വാഹനം നിർത്തിയപ്പോഴാണ് മേയറും എംഎൽഎയും ഡ്രൈവറോട് സംസാരിച്ചത്. ഡ്യൂട്ടി തടസപ്പെടുത്തുന്ന തരത്തിൽ മേയർ വാഹനം ഇട്ടില്ലെന്നായിരുന്നു പോലീസിന്റെയും മേയറുടെയും വാദം . മുൻഭാഗത്ത് വാഹനം ഇട്ടെന്നും പിന്നീട് മാറ്റുകയും ചെയ്തുവെന്നാണ് ഇന്ന് മേയർ പറഞ്ഞത്. എന്നാൽ ഈ വാദങ്ങൾ എല്ലാം പൊളിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു സംഭവം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മേയർ ബസ് തടയുകയായിരുന്നു. ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ഒപ്പമുണ്ടായിരുന്നു. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തിയ ശേഷം മേയർ ഡ്രൈവറോട് കയർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മേയർ പോലീസിന് പരാതി നൽകി. മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി നൽകിയത്. തുടർന്ന് യദുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ കേസ് എടുത്തിട്ടില്ല. ഇതിനിടെ സംഭവത്തിൽ യാതൊരുവിധ അന്വേഷണവും നടത്താതെ ഡ്രൈവർ യദുവിനെതിരെ പ്രതികാരം തീർത്തിരിക്കുകയാണ് കെഎസ്ആർടിസി. സർവീസിൽ നിന്ന് മാറ്റി നിർത്താൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജി നിർദ്ദേശം നൽകി.
Discussion about this post