കോഴിക്കോട്: വടകരയിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് പുറമേ വീട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്നലെയായിരുന്നു സംഭവം. മയ്യന്നൂർ ചാത്തൻകാവിൽ സ്ഥല പരിശോധനയ്ക്ക് എത്തിയതായിരുന്നു ഷിജിന. ഇതിനിടെ തെരുവ് നായ കടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മേഴ്സി ബി.എഡ് കോളേജ് ജീവനക്കാരി ബിന്ദുവിനെയും ആക്രമിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം. രാധയെയും പുഷ്പയെയും വഴിയിലൂടെ നടന്ന് പോകുന്നതിനിടെ ആയിരുന്നു നായ ആക്രമിച്ചത്.
പരിക്കേറ്റവർ വടകര ഗവ. ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post