ചെന്നൈ; നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രിക് കഴകം പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22 ന് മധുരയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി സമ്മേളനത്തിൽ തുടങ്ങി രാഷ്ട്രീയത്തിൽ ശക്തമായ വേരോട്ടം ഉറപ്പിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. മാർച്ചിൽ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ പാർട്ടിയിൽ ചേർന്നിരുന്നു. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന ക്യാംപെയ്‌നാണു നടത്തുന്നത്. ആദ്യ അംഗമായി വിജയ് ചേർന്നു. 2 കോടി അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിടുന്നതെന്നു പാർട്ടി ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന ‘ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ജൂൺ പകുതിയോടെ അദ്ദേഹം സിനിമയുടെ തിരക്കുകളിൽനിന്ന് മുക്തനാകുമെന്നും അതോടെ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കം തുടങ്ങുമെന്നും ടി.വി.കെ. നേതാക്കൾ അറിയിച്ചു.
Discussion about this post