കാഞ്ഞങ്ങാട്; അമ്പലത്തറയിൽ സിപിഎം നേതാക്കൾക്ക് നേരെ പ്രവർത്തകൻ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ സിപിഎം പ്രവർത്തകൻ ലാലൂർ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ ഷമീർ(34) എന്നിവർക്കെതിരായായിരുന്നു പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നത്. ഇതിൽ കൂട്ടുപ്രതിയായ ഷെമീറാണ് അറസ്റ്റിലായത്. സ്‌ഫോടക വസ്തു എറിഞ്ഞ രതീഷ് അറസ്റ്റിലാണ്.
കാട്ടുപന്നികളെ തുരത്താൻ ഉപയോഗിക്കുന്ന ഏറുപടക്കമാണ് ഉപയോഗിച്ചത്. ഇത് നേതാക്കളുടെ മുന്നിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. എങ്കിലും നാലുപേരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
സി.പി.എം. ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കൽ സെക്രട്ടറി കെ.വി.അനൂപ്, പാർട്ടിയംഗം ബാലകൃഷ്ണൻ മരുതോട്, ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അരുൺ എന്നിവർ പാർട്ടിപ്രവർത്തനവുമായി ബന്ധപ്പെട്ട് മുട്ടിച്ചരലിലെ ആയിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ആയിഷയുടെ വീടിന്റെ തൊട്ടടുത്താണ് ഷമീറിന്റെ വീട്. ഇവിടെനിന്നാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. പടക്കത്തിൽനിന്നുള്ള ചില്ലുകഷ്ണം ചിതറിയെത്തി ആയിഷയുടെ കണ്ണിൽ കൊണ്ടു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post