രാജ്യതലസ്ഥാനമായ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്, മുഴുവൻ സമയ വിദേശകാര്യ മന്ത്രിയായ ആദ്യ ഇന്ത്യൻ വനിത…വിശേഷണങ്ങളേറെയാണ് സുഷമ സ്വരാജിന്. നരേന്ദ്ര മോദി സർക്കാരിൽ വിദേശകാര്യ മന്ത്രി എന്ന നിലയിൽ സുഷമ നടത്തിയ പ്രവർത്തനങ്ങൾ വാക്കുകൾക്കതീതമാണ്.
രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റിയ എത്ര എത്ര ഇടപെടലുകൾ. ‘നിങ്ങൾ ചൊവ്വാ ഗ്രഹത്തിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി അവിടെ നിങ്ങൾക്കായി സഹായത്തിനെത്തുമെന്ന’ സുഷമയുടെ വാക്കുകൾ ഇന്നും രാജ്യത്ത് അലയടിക്കുന്നുണ്ട്. അത്രയേറെ വിശ്വാസ്യത നിറഞ്ഞതായിരുന്നു അവരുടെ ഓരോ ചുവടുവയ്പ്പുകളും.
വാക്കിലും നോക്കിലും എന്നും തീപ്പൊരി പാറിച്ചിട്ടുള്ള സുഷമ സ്വരാജ് ഭീകരവാദത്തിനെതിരായ നിലയ്ക്കാത്ത ശബ്ദമായിരുന്നു. ഒൻപതാം വയസിൽ ട്രെയിൻ മാറിക്കയറി പാകിസ്താനിൽ എത്തിപ്പെട്ട ബധിരയും മൂകയുമായ ഗീത എന്ന ഇന്ത്യൻ പെൺകുട്ടിയെ 15 വർഷത്തിന് ശേഷം ഭാരതത്തിലേക്ക് തിരികെയെത്തിച്ചത് സുഷമയായിരുന്നു.
ആറ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മുംബൈ സ്വദേശി മോചിതനായതും സൗദിയിൽ തൊഴിലുടമയുടെ അടിമത്വത്തിൽ കഴിഞ്ഞിരുന്ന പഞ്ചാബ് സ്വദേശിനി ഇന്ത്യയിൽ തിരികെ എത്തിയതും സുഷമയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു.
ഇച്ഛാശക്തിയുടെയും സഹാനുഭൂതിയുടെയും ആൾരൂപമായ സുഷമ സ്വരാജിന്റെ ഏക മകൾ ബാൻസൂരി സ്വരാജ് അമ്മയുടെ ലെഗസി ഒട്ടും കൈവിടാതെയാണ് രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്. കുൽഭൂഷൺ യാദവ് കേസിൽ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ചത് ഹരീഷ് സാൽവെയായിരുന്നു. അദ്ദേഹത്തിന് സുഷമാ സ്വരാജ് നൽകാമെന്ന് പറഞ്ഞ ഒരു രൂപ പ്രതിഫലം കൈമാറിക്കൊണ്ടാണ് അമ്മയുടെ അന്ത്യാഭിലാഷം ആ മകൾ നിറവേറ്റിയത്. ഇന്ത്യയ്ക്ക് വേണ്ടി അമ്മ ചെയ്യാൻ ബാക്കി വെച്ചതെല്ലാം ചെയ്യുമെന്ന ഉറപ്പോടെയാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാൻസുരി കന്നിയങ്കത്തിനിറങ്ങുന്നത്.
സുഷമയുടെ മകളെന്ന നിലയിൽ മാത്രമല്ല, ബാൻസൂരി ന്യൂഡൽഹി മണ്ഡലത്തിൽ പോരാടാനൊരുങ്ങുന്നത്. സുപ്രീംകോടതി അഭിഭാഷകയായ 39കാരിയായ ബാൻസൂരി സ്വരാജ്, ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ കൺവീനർ കൂടിയാണ്.
സാമൂഹ്യ രംഗത്ത് വർഷങ്ങളായി സജീവമാണ് അവർ. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബാൻസുരി നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. പ്രഭാഷണ ശൈലിയിലും ജനങ്ങളോട് ഇടപെടുന്ന രീതിയിലും പലപ്പോഴും അമ്മയെ അനുസ്മരിപ്പിക്കുന്നുണ്ട് ബാൻസുരി.
ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായി ശബ്ദിച്ചാണ് ബാൻസുരി സ്വരാജ് രാഷ്ട്രീയത്തിൽ സജീവമായത്.
ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മി പാർട്ടി നേതാവ് സോമ്നാഥ് ഭാരതിയാണ് ബാൻസുരി സ്വരാജിന്റെ എതിരാളി. കോൺഗ്രസിന്റെ പിന്തുണയോടെയാണ് എഎപി ഇക്കുറി ഡൽഹിയിൽ മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി വൻ ഭൂരിപക്ഷത്തിനാണ് ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ജയിച്ചത്.
2019ൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെ 2,56,000ത്തിലധികം വോട്ടുകൾക്കാണ് മീനാക്ഷി ലേഖി തോൽപ്പിച്ചത്. പ്രചാരണ രംഗത്ത് ഏറെ മുന്നിലുള്ള ബാൻസുരി ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ വിജയക്കൊടി പാറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തലസ്ഥാന നഗരിയിലെ ബിജെപി പ്രവർത്തകർ. അമ്മയുടെ അനുഗ്രഹം എന്നും തനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയുടെ ഊർജ്ജസ്വലയായ യുവ വനിതാ നേതാവ്.
Discussion about this post